നിങ്ങൾ എന്നെങ്കിലും അവളെപ്പോലൊരുവളെ ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടോ?
മറ്റെല്ലാത്തിനും മീതെ നിങ്ങളോടൊപ്പം ക്ഷണികമായൊരു ജീവിതം ജീവിക്കാനുള്ള അവളുടെ ഉള്ളിലെ ആശയെ നിങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോ?
ശരിയാണ്, ഇത് മതത്തിന്റെയും കീഴ്വഴക്കങ്ങളുടെയും ദുഷിച്ച കാലമാണ്… പക്ഷേ ഇവക്ക് മീതെ സർവ്വ ത്യാഗികളായി സ്വജീവിതങ്ങളെ തങ്ങളുടെ പ്രണയ സാക്ഷാത്കാരത്തിനായി ഉഴിഞ്ഞുവെച്ച അപൂർവ്വ ആത്മാക്കളും ഈ മണ്ണിൽ ജീവിച്ചിട്ടുണ്ട്… അതെ, മൊയ്ദീനും കാഞ്ചനമാലയും കേവലം സങ്കല്പങ്ങളായിരുന്നില്ല. അവരും അവരുടെ പ്രണയവും അവരുടെ തന്നെ ജീവിതവും ഭൂമിയിലെ ഏറ്റവും മഹത്തായ ജീവിത-പാഠ-പുസ്തകങ്ങളിലൊന്നാണു എന്ന് പറഞ്ഞാൽ ഒട്ടും അധികമാവില്ല.

Parvathy as Kanchana
Parvathy as Kanchana

ഒരു പഴയ കാല ചരിത്രത്തെ അപ്പാടെ പകർത്തി എടുക്കുന്നതിൽ ഛായാഗ്രാഹകൻ എന്ന നിലയിൽ ജോമോൻ തന്റെ ക്യാമറ കൊണ്ട് മനോഹരമായൊരു കവിത തന്നെയാണ് എഴുതിയിരിക്കുന്നത്. പച്ചപ്പ് തുളുമ്പുന്ന വയലോരങ്ങൾ, ഇന്നത്തെ തലമുറയുടെ കഥകളിൽ മാത്രം ഒതുങ്ങുന്ന തനി നാടൻ നാട്ടുവഴികൾ, തനതായ നായർ തറവാട്, പുറംപണിക്കാരുടെ കുടി, പക്കാ ഇസ്ലാം തറവാട്, തുടങ്ങി അങ്ങനെയേ നീളുന്നു ജോമോന്റെ ക്യാമറയിലും ഗോദുൽ ദാസിന്റെ കലാ സംവിധാനത്തിലും വിരിഞ്ഞ കവിതയിലെ മൗലികത. 1960-കളിൽ നടന്ന ഒരു കഥയെ ഇന്നത്തെ തലമുറക്ക് മുന്നിൽ തുറന്നു വെക്കുമ്പോൾ വന്നേക്കാവുന്ന അനേകം പരിമിതികളെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംഭാഷണ ശകലങ്ങളിലുടെയും, മികച്ച ദൃശ്യ ഭാഷയിലുടെയും, സരസമായ നർമ്മത്തിന്റെ മേമ്പോടിയിലുടെയും, സംവിധായകൻ വളരെ കരുതലോടെ മറികടക്കാൻ ശ്രമിച്ചിരിക്കുന്നു എന്നത് എഴുത്തുകാരനും കൂടിയായ ചിത്രത്തിന്റെ സംവിധായകൻ വിമലിന് മാത്രം അവകാശപ്പെടാവുന്ന അഭിനന്ദനമാണ്. പഴയ കാലത്തെ അഭ്ര പാളിയിൽ പകർത്തിയപ്പോൾ ആ കാലത്തെ സാക്ഷ്യപ്പെടുത്തുംവിധം വസ്ത്രാലങ്കാരം നിർവ്വഹിച്ച കുമാർ എടപ്പാളും, ഓരോ മുഖവും അതിനനുസരിച്ച് മിനുക്കിയെടുത്ത രഞ്ജിത്ത് അമ്പാടിയും പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു.

Prithviraj as Moideen
Prithviraj as Moideen

ഏതൊരു ഹിറ്റ് സിനിമയുടെയും പോലെ ഇവിടെയും എം. ജയച്ചന്ദ്രന്റെയും രമേശ് നാരായണന്റെയും ഈണങ്ങളിൽ ഒരുങ്ങിയ ഗാനങ്ങളെല്ലാം മൊയ്ദീന്റെയും കാഞ്ചനയുടെയും പ്രണയ ഗാഥകളായി മാറിയിരിക്കുന്നു. ‘അഭിനയ ചാരുത’ എന്ന ആശയത്തെ അർത്ഥവത്താക്കുംവിധം പ്രിഥ്വിരാജ് തന്റെ മൊയ്ദീനെയും പാർവ്വതി തന്റെ കാഞ്ചനയെയും അടക്കമാർന്ന അഭിനയ മുഹൂർത്തങ്ങളിലൂടെ ഭദ്രമാക്കിയിട്ടുണ്ട്. കൂടാതെ അപ്പുവിനെ അവതരിപ്പിച്ച ടോവിനോ തോമസ്, ഉണ്ണി മുഹമ്മദ് സാഹിബ്ബിനെ അവിസ്മരണീയമാക്കിയ സായ് കുമാർ, സേതുവായി നടിച്ച ബാല, മൊയ്ദീന്റെ ഉമ്മയായി ആടിത്തകർത്ത ലെന, എന്നിവരാണ് ചിത്രത്തെ മറക്കാനാവാത്ത ഒരനുഭവമാക്കി മാറ്റിയ മറ്റു പ്രതിഭകൾ.

പ്രമേയത്തോട് വളരെ നല്ല രീതിയിൽ നീതി പുലർത്തുകയും, തീക്ഷ്ണമായ കഥാ സന്ദർഭങ്ങൾ സുന്ദരമായി കോർത്തിണക്കിക്കൊണ്ടും, സർവ്വോപരി പ്രേക്ഷകനെ വേദനകളും, പ്രതിസന്ധികളും ഏറെയുള്ള ഒരു സാധാരണ ജീവിതത്തിലുടെ കടത്തിവിട്ട് അവനെ നിഷ്കളങ്കമായി ചിരിപ്പിക്കുകയും, ദാരുണമായി വിങ്ങാനും, ചെറുതായി കരയാനുമെല്ലാം പഠിപ്പിക്കുകയും ചെയ്ത ഒരു കലാസൃഷ്ടി എന്ന നിലക്ക് “എന്ന് നിന്റെ മൊയ്ദീൻ” ഒരുപാടിഷ്ടവും സ്നേഹവും ഒരുപോലെ തോന്നിച്ച ഒരു ചിത്രമാവുന്നു എന്നതിൽ തെല്ലും അത്ഭുതമില്ല!

Traces of eternal love!

ഓർക്കുംതോറും സത്യമുള്ള ആ പ്രണയ കാവ്യത്തിന്റെ മറക്കാനാവാത്ത ചില ഏടുകൾ മനസ്സില് തേട്ടി വരുന്നു:
“ഇലവഴിഞ്ഞി പുഴ അറബിക്കടലിനുള്ളതാണെങ്കിൽ, കാഞ്ചന ഈ മൊയ്ദീനുള്ളതാണ്.”
“ഓള് പടച്ചോനോട് അന്നെ വീണ്ടും വീണ്ടും തേടിയതിന്റെ ഫലായ്ട്ടാ അന്റെ റൂഹ് ഇപ്പ്യും ഈടെ നിക്കണത്, ആ റൂഹ് ഇയ്യ് ഓൾക്കന്നെ തിരിച്ച് കൊടുക്കണം…”

ന്റെ മാനിക്കാക്കാ…ഇങ്ങടെ ശബ്ദം ആനിന്റെതായിരുന്ന്…ഇങ്ങളെ വഴീലാണ് സ്നേഹം ജനിച്ചത്…
ന്റെ കാഞ്ചനക്കുട്ടീ…അന്റെ കാത്തിരിപ്പാണ് ദുനിയാവിലെ ഏറ്റോം നീളം കൂടിയ വർഷം…അന്റെ സഹനമാണ് ഈടുത്തെ ഇനിയുള്ള പ്രണയങ്ങൾടെ ഏറ്റോം ബല്യേ ശക്തി…

മറക്കൂല, ഇങ്ങളേം ഇങ്ങള് കാട്ടിത്തന്ന പ്രണയത്തിന്റെ മായക്കാഴ്ച്ചകളും!!!

Leave a comment